കേരളത്തിലെ ഇസ്‌ലാമിക പ്രവേശ കാലത്തെക്കുറിച്ചു ചരിത്ര പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലാണെന്നും അതല്ല, പ്രവാചക ജീവിത കാലത്താണെന്നും അതല്ല, രണ്ടാം നൂറ്റാണ്ടിലാണെന്നും- ഇങ്ങനെ മൂന്ന് വാദഗതികള്‍ നിലനില്‍ക്കുന്നു. ഇവയല്ലാത്ത വേറെ അഭിപ്രയങ്ങളുമുണ്ട്.
സി. എ. ഇന്നസ്, സൈനുദ്ദീന്‍ മഖ്ദൂം(റ) തുടങ്ങിയവരുടെ നിഗമനം ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാം ആശ്ലേഷം ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലാണെന്നാണ്. ഉമര്‍ സുഹ്‌റ വര്‍ദിയുടെ ' റിഹ്‌ലതുല്‍ മുലൂക് ' ല്‍ ഇത് ഹിജ്‌റ മൂന്നാം നൂറ്റണ്ടിലണ്. അറബ് സഞ്ചാരിയായ സുലൈമനും ഈ നിഗമനം ശരിവെക്കുന്നു. എന്നാല്‍ ഇളംകുളം കുഞ്ഞാന്‍ പിള്ള. പ്രൊഫസര്‍ എം ജി എസ് നരായണന്‍ തുടങ്ങിയവരുടെ വാദം ചേരമാന്‍ രാജാവിന്റെ കാലം ഹിജ്‌റ ആറാം നൂറ്റാണ്ടിലെന്നാണ്. ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം വിശ്വസിച്ചിട്ടില്ല എന്ന പക്ഷക്കാരും അദ്ദേഹം വിശ്വസിച്ചത് ക്രിസ്തുമതമാണെന്ന് ശഠിക്കുന്നവരും ഇല്ലാതില്ല. ചിലര്‍ എഴുതി വെച്ച പ്രകാരം, പരശുരാമന്‍ മഴുവെറിഞ്ഞത് പോലുള്ള ഐതീഹ്യമല്ല, ചേരമാന്‍ പെരുമാളുടെ കഥ. ഇതിന്റെ ചരിത്രപരമായ പ്രാമാണികത ഗവേഷകര്‍ അംഗീകരിച്ചിട്ടുണ്ട്. കാലത്തെ സംബന്ധിച്ച് മാത്രമേ തര്‍ക്കമുള്ളൂ. അതും ഏറെക്കുറെ പരിഹരിച്ചിട്ടുണ്ട്. എന്നിട്ടും ഇതൊരൈതീഹ്യമാക്കി തള്ളാന്‍ ചിലര്‍ ഒരുമ്പെട്ടത് ശ്ലാഘനീയമല്ല. കേരളത്തിലെ ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള അധുനിക പഠനങ്ങള്‍ പരമ്പരാഗത വിശ്വാസം ശരിവെക്കുന്നു. നബി(സ)യുടെ കാലത്താണ് ചേരമാന്‍ പെരുമാള്‍ സത്യമതം പുല്‍കിയെന്നത് രേഖകളുടെ പിന്‍ ബലത്തോടെ മര്‍ഹൂം പി എ മുഹമ്മദ് സാഹിബ് തെളിയിച്ചിട്ടുണ്ട്. അറക്കല്‍ രാജ സ്വരൂപത്തില്‍ നിന്ന് കണ്ടെടുത്ത ഒരു അമൂല്യഗ്രന്ഥവും ഇത് ശരിവെക്കുന്നു. ചേരമാന്‍ പെരുമാള്‍ ഒരു സ്വഹാബിയാണെന്ന വസ്തുത ആദ്യകാല മുസ്‌ലിം ചരിത്രകാരനായ അലിത്വബ്‌രി തന്റെ ' ഫിര്‍ദൗസുല്‍ ഹിക്മ ' യില്‍ വിവരിക്കുന്നുണ്ട്. ഇതേ വസ്തുത' താരീഖ് ഫരീശ്‌ത് ' എന്ന ഗ്രന്ഥത്തിലുമുണ്ട്. ഖലീഫ ഉസ്മാനി(റ) ന്റെ കാലത്ത് സ്വഹാബിയായ മുഗീറത്ത് ബിനു ശു അ്ബ കോഴിക്കോട്ട് വന്ന് മതപ്രചരണം നടത്തിയ വിവരം മര്‍ഹൂം അഹ്മദ് കോയ ശാലിയാത്തി(ന:മ)യുടെ ഗ്രന്ഥത്തിലുണ്ട്. എങ്കില്‍ കേരളത്തില്‍ ഇസ്‌ലാമിന്റെ ഉല്‍പത്തി തേടി ഹിജ്‌റ: രണ്ടാം നൂറ്റാണ്ട് വരേയോ അതിലപ്പുറത്തേക്കോ പരതേണ്ടകാര്യമില്ല.
ചരിത്രാതീത കാലം മുതലേ അറബികള്‍ കേരളക്കരയുമായി കച്ചവട ബന്ധം പുലര്‍ത്തിയിരുന്ന കാര്യം ചരിത്രകാരന്മാരെല്ലാം സമ്മതിക്കുന്നുണ്ട്. എങ്കില്‍ അറേബ്യയിലുല്‍ഭവിച്ച ഇസ്‌ലാമിക വിപ്ലവത്തിന്റെ അലയൊലി കേരളത്തിലെത്താന്‍ എന്തിന് നൂറ്റാണ്ടുകള്‍ കാത്തിരിക്കണം ? പ്രബോധനകുതുകികളായ അറബികള്‍ ഞൊടിയിടകൊണ്ട് തന്നെ പ്രവാചകന്റെ ശബ്ദം നമുക്കെത്തിച്ചിണ്ടാകണം. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍തന്നെ മുസ്‌ലിംകളായ അറക്കല്‍ രാജാക്കന്മാര്‍ ഇവിടെ ഭരണം നടത്തിയിരുന്നെന്ന് അന്നത്തെ നാണയങ്ങള്‍ നമുക്ക് ഉറപ്പ് തരുന്നു. എങ്കില്‍ അതിന് എത്രയോ മുമ്പ് ഇസ്‌ലാം കേരളത്തില്‍ എത്തിയിരിക്കും എന്ന് വിശ്വസിക്കാന്‍ പ്രയാസമെന്തിന് ? ഇതിനുപോലബലകമായി അന്യത്ര തെളിവുകളും നമുക്കുണ്ട്.
പെരുമാള്‍ മക്കയിലേക്ക്
ചേരമാന്‍ പെരുമാളിന്റെ മതപരിവര്‍ത്തന കഥ ഇപ്രകാരമാണ്. അറേബ്യയില്‍ നിന്ന് സിലോണിലെ ആദം മല സന്ദര്‍ശിക്കാന്‍ പോകവേ, ഒരു തീര്‍ത്ഥാടക സംഘം കേരളത്തീരത്തെ കൊടുങ്ങല്ലൂരില്‍ തങ്ങി. അന്ന് കൊടുങ്ങല്ലൂര്‍ പെരുമാള്‍ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. രാജാവായ ചേരമാന്‍ അതിഥികളെ കാര്യമായി സല്‍കരിച്ചു. സംഭാഷണമധ്യേ അറേബ്യയിലെ പ്രവാചകനെക്കുറിച്ചും മഹാന്‍ പ്രചരിപ്പിച്ച തത്വങ്ങളെക്കുറിച്ചും തീര്‍ത്ഥാടക സംഘം രാജാവോട് പറഞ്ഞു. പുതിയ മതത്തെ കുറിച്ചു കൂടുതല്‍ അറിയാന്‍ രാജാവിനു ആഗ്രഹം ജനിച്ചു. പ്രവാചകനെ നേരില്‍ കാണാനുള്ള തന്റെ ആഗ്രഹം തീര്‍ത്ഥാടക സംഘത്തെ അറിയിച്ചു. സംഘം സിലോണില്‍നിന്നു മടങ്ങുംവഴി കൊടുങ്ങല്ലൂരില്‍ വരാമെന്നേറ്റു. ചേരമാന്‍ പെരുമാള്‍ യാത്രക്കുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കി. അറബി സംഘം മടങ്ങിവന്നപ്പോള്‍ അവരോടൊപ്പം മക്കയിലേക്ക് പുറപ്പെട്ടു. മക്കയില്‍ പ്രവാചകന്‍ അദ്ദേഹത്തെ സ്വീകരിച്ചു പരിശുദ്ധകലിമ ചൊല്ലിക്കൊടുത്തു. രാജാവു താജുദ്ദീന്‍ എന്ന പേര് സ്വീകരിച്ചു. അല്‍പകാലം അറേബ്യയില്‍ തന്നെ താമസിച്ചു. എ.ഡി 632ല്‍ ചേരമാന്‍ കേരളത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. കേരളത്തില്‍ ഇസ്‌ലാം പ്രചരിപ്പിക്കുന്നതിനായി മാലിക്ബിനു ദീനാര്‍(റ) ന്റെ നേതൃത്വത്തില്‍ പന്ത്രണ്ടംഗ സംഘം രാജാവിനെ അനുഗമിച്ചു വഴിമധ്യേ ഷഹര്‍ മുഖല്ലയില്‍ അദ്ദേഹം രോഗബാധിതനായി. യത്ര തുടരാന്‍ കഴിയാതെ വന്നപ്പോള്‍ കേരളത്തിലെ തന്റെ പിന്‍ ഗാമികള്‍ക്ക് നല്‍കാനുള്ള ഒരു കത്ത് സംഘത്തെ ഏല്‍പിച്ചു. അദ്ദേഹം അവിടെതന്നെ മരണപ്പെട്ടു. ഏതാനും വര്‍ഷത്തെ ഇടവേളക്ക് ശേഷം പന്ത്രണ്ടങ്ങ സംഘം കേരളത്തിലെത്തി ഇവരാണ് ഇവിടെത്തെ ഇവിടെത്തെ ആദ്യത്തെ ഇസ്‌ലാമിക പ്രബോധക സംഘം.
ചേരമാന്‍ പെരുമാളിന്റെ കഥ പലരും പലതരത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹം മക്കത്തേക്ക് പോകാന്‍ വേറെയും കാരണങ്ങളുണ്ടത്രെ കേസരി എ. ബാലകൃഷ്ണപിള്ളയുടെ അഭിപ്രായത്തില്‍ എ. ഡി, 628ല്‍ പ്രവാചകന്‍ പല രാജാക്കന്മാര്‍ക്കും കത്തയച്ച കൂട്ടത്തില്‍ ചേരമാന്‍ പെരുമാള്‍ക്കും കത്തയച്ചിരുന്നു. ഇതടിസ്ഥാന്മാക്കിയാകണം ചേരമാന്‍ മക്കയിലെത്തിയത്. മറ്റൊരു കാരണം ഇതാണ്. ചേരമാന്‍ പെരുമാളിന്റെ പ്രിയ പത്നിക്ക് സുമുഖനായ മന്തി കൃഷ്ണമുഞ്ഞാദിനോട് അനുരാഗമുണ്ടായി. അനുരാഗം കാടുകയറിയപ്പോള്‍ രാജ്ഞി പല തവണ മന്ത്രിയെ രഹസ്യവേഴ്ചക്ക് ക്ഷണിച്ചു. സ്വാമീ ഭക്തനായ മന്ത്രി പാപവൃത്തിക്ക് സമ്മതിച്ചില്ല. ഇതില്‍ കുപിതനായ രാജ്ഞി മന്ത്രി തന്നെ ബലാല്‍സംഗം ചെയ്തു എന്ന കള്ളക്കുറ്റം രാജാവിനെ ധരിപ്പിച്ചു. രോഷാകുലനായ ചേരമാന്‍ മന്ത്രിയെ വധിക്കാനുത്തരവിട്ടു. കഴുമരത്തിലേറിയ മന്ത്രി നിരപരാധിയായ തന്നെ രക്ഷിക്കാന്‍ ദൈവത്തോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. അവസാനമായി രാജാവിനോട് പറഞ്ഞു. " പെണ്‍ചൊല്ലു കേട്ട പെരുമാളേ, മക്കത്ത് പോയി തൊപ്പിയിട്ടോ" ഇത് പറഞ്ഞ് മന്ത്രി അല്‍ഭുതകരമാം രക്ഷപ്പെട്ടു. പാപ ഭാരം പേറാന്‍ കഴിയാതെ ചേരമാന്‍ അസ്വസ്ഥനായി. ഇതില്‍ നിന്ന് മുക്തിനേടാന്‍ അദ്ദേഹം അറബികളോടൊപ്പം മക്കത്തേക്ക് കപ്പല്‍ കയറി.
ക്രിസ്തുവര്‍ഷം 643ല്‍ പ്രഥമ ഇസ്‌ലാമിക പ്രബോധക സംഘം കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങി. താമസിയാതെ മതപ്രചരണത്തില്‍ മുഴുകി. കേരളക്കരയിലെ ആദ്യത്തെ പള്ളി കൊടുങ്ങല്ലൂരില്‍ തന്നെ സ്ഥാപിച്ചു. ഇതിന്റെ ചിലവും സംരക്ഷണവും അവിടുത്തെ രാജാവു തന്നെവഹിച്ചു. മാലിക്ബിനു ദീനാറിന്റെ പുത്രനായ മാല്‍കിബിനു ഹബീബാണ് മതപ്രബോധനത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ ഞൊടിയിടകൊണ്ട് പത്ത് പള്ളികള്‍ സ്ഥാപിച്ചു. കൊടുങ്ങല്ലൂര്‍, കൊല്ലം,മാടായി, കാസറഗോഡ്, ശ്രികണ്ഠപുരം, ധര്‍മ്മടം, പന്തലായിനി, ചാലിയം, ബര്‍കൂര്‍, മംഗലാപുരം.
പ്രബോധക സംഘത്തിനു രാജാക്കന്മാര്‍ എല്ലാ ഒത്താശകളും നല്‍കി സ്വന്തം മതത്തോടെന്ന പോലെ ഇസ്‌ലാമോട് ആദരവ് കാട്ടി. മുസ്‌ലിംകളെ ബഹുമാനിച്ചു. ഭരണച്ചിലവില്‍ ഖാസിമാരെയും മുഫ്തിമാരെയും നിയമിച്ചു. ശരീ അത്ത് നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ അനുവദിച്ചു. ജീവിതം ജാതീയതക്ക് പണയപ്പെടുത്തേണ്ടിവന്ന ആയിരങ്ങള്‍ ഇസ്‌ലാം ആശ്ലേഷിച്ചു. തൊട്ടുകൂടാത്തവര്‍ മതം മാറിയപ്പോള്‍ മിത്രങ്ങളായി. ചില പ്രദേശക്കാര്‍ ഒന്നടങ്കം സ്വയം മത പരിവര്‍ത്തനം നടത്തി. സഹോദരമതസ്ഥര്‍ക്ക് പള്ളി പണിയാന്‍ ഹിന്ദുക്കള്‍ വേണ്ട സഹായങ്ങള്‍ നല്‍കി. അക്കാലത്തെ മത സൗഹാര്‍ദം കേരളത്തില്‍ പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. പ്രലോഭനങ്ങള്‍ ലവലേശം തൊട്ടുതീണ്ടാതെ കേരളത്തില്‍ കൂട്ട മതപരിവര്‍ത്തനം സധിക്കാന്‍ പല കാരണങ്ങളുമുണ്ട്. ഹിന്ദുമതത്തിലെ ജാതിസമ്പ്രദായമായിരുന്നു പ്രധാനം ഭൂരിപക്ഷം വരുന്ന ശുദ്രരും തൊട്ടുകൂടാത്തവരും മൃഗങ്ങളേക്കാള്‍ അധപതിച്ച ജീവിതമാണ് നയിച്ചത് വീട്ടിലെ വളര്‍ത്തുപട്ടിയുടെ സ്വാതന്ത്ര്യം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടു. ഇവരെ ഇസ്‌ലാമിന്റെ സമസൃഷ്ടി ഭാവന ഹഠാദാകര്‍ഷിച്ചു. അവര്‍ കൂട്ടത്തോടെ മതം മാറി. രാജാക്കന്മാര്‍ മത സഹിഷ്ണത ഉള്ളവരായിരുന്നു. നാട്ടില്‍ ഇസ്‌ലാമിന്റെ വളര്‍ച്ച അറേബ്യയും കേരളവും തമ്മിലുള്ള വാണിജ്യബന്ധം ശക്തിപ്പെടാനുപകരിക്കുമെന്നും അവര്‍ മനസ്സിലാക്കി. വിദേശികളെ ചെറുക്കാനും രാജ്യത്തിന്റെ സുരക്ഷിതത്വത്തിലും മുസ്‌ലിംകള്‍ കാണിക്കുന്ന ആത്മാര്‍ഥതയും ധീരതയും രാജാക്കന്മാരെ സന്തോഷപ്പെടുത്തി. തൊട്ടുകൂടായ്മ ശക്തിപ്പെട്ട അക്കാലത്ത് താഴ്‌ന്നവരെ സൈന്യത്തിലെടുക്കാന്‍ കഴിഞ്ഞിരുന്നില്ല പക്ഷേ, അവര്‍ മുസ്‌ലിംകളാവുമ്പോള്‍ ഈ പ്രശനം പരിഹരിക്കപ്പെടുന്നു. ഇക്കാരണങ്ങള്‍ ഇസ്‌ലാമിന്റെ വളര്‍ച്ചക്ക് സഹായകമായി.
മുസ്‌ലിംകളുടെ വിശ്വസ്തതയിലും മതചിട്ടയിലും ഹിന്ദുസമുദായത്തിനു വളരെ മതിപ്പുണ്ടായി. നിയമത്തില്‍ മ്ലേചന്മാരായിരുന്നെങ്കിലും അവരെ ഹിന്ദുക്കള്‍ ആദരവോടെ തന്നെ വീക്ഷിച്ചു. ഹിന്ദുക്കളിലെ ചിന്തിക്കുന്ന വിഭാഗം സ്വന്തം മതത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തീരെ ഇഷ്ടപ്പെട്ടില്ല. ഏകദൈവ വിശ്വാസത്തെയും സമസൃഷ്ടി സ്നേഹത്തെയും ഇവര്‍ വാഴ്ത്തി. പുതിയ മതത്തെ അവര്‍ നന്നായി പഠിച്ചു. ഇവരില്‍ മതം മാറിയവര്‍ക്ക് പണ്ഡിതന്റെ പദവിയിലേക്കുയരാന്‍ കഴിഞ്ഞു. ഹിന്ദുമത നേതാക്കളും ഇസ്‌ലാമിനെ പുകഴ്ത്തി. പലരും ഇസ്‌ലാമില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് സ്വന്തം മതത്തെ ഉദ്ധരിക്കാന്‍ മുതിര്‍ന്നു.
കടപ്പാട് : www.islamkerala.com
If you enjoyed this post, please support the blog below. It's FREE!
Get the latest Articles for FREE by subscribing to My Facebook And Twitter.
Anees
|
No comments:
Post a Comment